ബഫര്‍സോണ്‍ സമരത്തിൽ കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നു: വനംമന്ത്രി

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷം സമരം പ്രഖ്യാപിച്ചതിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത്. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ആകാശ സർവേ നടത്തിയതെന്നും കർഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

“പരാതികൾ ഉണ്ടാകുമെന്ന് സർക്കാരിന് അറിയാമായിരുന്നു. ഗ്രൗണ്ട് സർവേ നേരത്തെ തീരുമാനിച്ചിരുന്നു. സാറ്റലൈറ്റ് സർവേ സ്ഥിതി വിവര കണക്ക് മാത്രമേ നൽകൂ. സാറ്റലൈറ്റ് സർവേയിൽ ചിലയിടങ്ങളിൽ വ്യാപകമായ പ്രശ്നങ്ങളുണ്ട്. പരാതികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മിഷൻ സിറ്റിംഗുകൾ നടത്തും. ജനങ്ങൾക്ക് അവരുടെ ആശങ്ക നേരിട്ട് അറിയിക്കാം,” മന്ത്രി പറഞ്ഞു.

ബഫർ സോണിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾക്കിടെ, കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. അപാകത ഒഴിവാക്കാൻ നേരിട്ട് സ്ഥലപരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ കൺവെൻഷൻ നടക്കും. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ട സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്.