ടെലിവിഷൻ താരം തുനിഷ ശർമ സീരിയൽ സെറ്റിൽ മരിച്ച നിലയിൽ

മുംബൈ: ടെലിവിഷൻ നടി തുനിഷ ശർമ്മ(20) സീരിയൽ സെറ്റിൽ മരിച്ച നിലയിൽ. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്‍റെ സെറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.

ആലി ബാബ ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയിൽ ഷെഹ്സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു. ഭാരത് കാ വീർ പുത്ര – മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. ചക്രവർത്തിൻ അശോക സാമ്രാട്ട്, ​ഗബ്ബാർ പൂഞ്ച് വാലാ, ഷേർ-ഇ-പഞ്ചാബ്: മഹാരാജാ രഞ്ജിത് സിം​ഗ്, ഇന്റർനെറ്റ് വാലാ ലവ്, സുബ്ഹാൻ അല്ലാ തുടങ്ങിയവയാണ് തുനിഷയുടെ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകൾ.

പരമ്പരയ്ക്ക് പുറമെ ഏതാനും ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാർ ബാർ ദേഖോയിൽ കത്രീന കൈഫിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂർ, കഹാനി 2, ദബാംഗ് 3 എന്നിവയാണ് മറ്റ് ചിത്രങ്ങൾ.