Latestദേശീയം

കരൂർ ദുരന്തം; റോഡ് ഷോയില്ല, വിജയ്‌യുടെ പ്രചാരണത്തിന് ഇനി ​ഹെലികോപ്റ്റർ

ചെന്നൈ: കരൂരിൽ ടിവികെ പാർട്ടി സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കാനിടയായ സാഹചര്യത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌ നീക്കം തുടങ്ങി. ബെംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നും നാലു ഹെലികോപ്റ്ററുകൾ വാങ്ങാനൊരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും.

സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപു മാത്രമേ വിജയ് എത്തൂ. മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. എന്നാൽ, ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്.

സെപ്റ്റംബർ 27നായിരുന്നു കരൂരിൽ വിജയ്‌യുടെ റാലി ദുരന്തത്തിൽ കലാശിച്ചത്. ശനിയാഴ്ച തോറും ടിവികെ വിജയ്‌യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ സെപ്റ്റംബർ 27 ശനിയാഴ്ച കരൂർ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം. വിജയ്‌യെ കാണാൻ രാവിലെ മുതൽ വലിയ ജനക്കൂട്ടം വേലുചാമിപുരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് വിജയ് പരിപാടിക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഇതിനകം തന്നെ ആളുകൾ തളർന്നുതുടങ്ങി. വിജയ് പ്രസംഗിച്ച് തുടങ്ങിയതോടെ ആളുകൾ കുഴഞ്ഞുവീണു. തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിക്കുകയും ആളുകൾക്ക് കുപ്പി വെള്ളം എറിഞ്ഞുനൽകുകയും ചെയ്തു.

ഇതോടെ ആളുകൾ കുപ്പിവെള്ളം പിടിക്കാൻ തിരക്ക് കൂട്ടുകയും തിക്കിലും തിരക്കിലുംപെടുകയുമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ വിജയ് സ്ഥലത്തുനിന്ന് മാറി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവർത്തകരും പൊലീസും ചേർന്ന് കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിജയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.