മോദിക്കെതിരെ ട്വീറ്റ്; തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ അറസ്റ്റിൽ

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് തൃണമൂൽ കോൺഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ തിങ്കളാഴ്ച രാത്രി രാജസ്ഥാനില്‍ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. സാകേത് ഗോഖലെയ്ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ചു.

മോദിയുടെ മോർബി സന്ദർശനത്തെക്കുറിച്ചും പ്രദേശത്തെ പാലം തകര്‍ന്ന് 130 ലേറെ പേര്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ചും ഗോഖലെ ട്വീറ്റിൽ പരാമർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഒരു മണിക്കൂർ നീണ്ട മോർബി സന്ദർശനത്തിന് 30 കോടി രൂപ ചെലവായെന്ന പ്രാദേശിക പത്രത്തിന്‍റെ റിപ്പോർട്ടിന്‍റെ ചിത്രവും ഗോഖലെയുടെ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ ഒന്നിനാണ് ഗോഖലെ ട്വീറ്റ് ചെയ്തത്. വ്യക്തിഗത വിവരാവകാശ അപേക്ഷയിലൂടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനച്ചെലവിന്റെ കണക്ക് ലഭിച്ചതെന്നും മാധ്യമവാര്‍ത്തയില്‍ റിപ്പോർട്ട് ചെയ്യുന്നു.

30 കോടി രൂപയിൽ 5.5 കോടി രൂപ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതിനും പരിപാടി നടത്തുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി ചെലവഴിച്ചുവെന്നും പാലം തകർന്ന് ജീവൻ നഷ്ടപ്പെട്ട 135 പേരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകാനായി ആകെ 5 കോടി രൂപ ചെലവഴിച്ചതായും ഗോഖലെ പറഞ്ഞു. മോദിയുടെ പരിപാടിക്കായി ചെലവഴിച്ച തുക 135 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയതിനേക്കാൾ കൂടുതലാണെന്ന് ഗോഖലെ ട്വിറ്ററിൽ കുറിച്ചു.