ദ്രൗപതി മുർമുവിനെതിരെ ട്വീറ്റ്; സംവിധായകനെതിരെ പൊലീസ് കേസെടുത്തു
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ വിവാദ ട്വീറ്റ് ചെയ്തതിന് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കെതിരെ കേസെടുത്തു. “ദ്രൗപദി പ്രസിഡന്റാണെങ്കിൽ പാണ്ഡവരും കൗരവരും ആരാണ്” എന്ന ട്വീറ്റിന്റെ പേരിലാണ് സംവിധായകനെതിരെ പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിശദീകരണവുമായി രാം ഗോപാൽ വർമ്മ രംഗത്തെത്തി.
തെലങ്കാന ബിജെപി നേതാവ് ഗുഡൂർ നാരായണ റെഡ്ഡിയാണ് രാം ഗോപാൽ വർമ്മയ്ക്കെതിരെ പരാതി നൽകിയത്. രാം ഗോപാൽ വർമ്മ തന്റെ ട്വീറ്റിലൂടെ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെ അപമാനിക്കുകയാണെന്ന് നാരായണ റെഡ്ഡി പരാതിയിൽ ആരോപിച്ചു. പരാതിയെ തുടർന്ന് രാം ഗോപാൽ വർമ്മ വിവാദ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും വിശദീകരണം നൽകുകയും ചെയ്തു.
“മഹാഭാരതത്തിലെ എൻറെ പ്രിയപ്പെട്ട കഥാപാത്രമാണ് ദ്രൗപദി. ഞാൻ പെട്ടെന്ന് അത് ഓർത്തു, കാരണം ഈ പേർ വളരെ അപൂർവമാണ്. ആ ഓർമയിൽ ഞാൻ ട്വീറ്റ് ചെയ്തു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല,” രാം ഗോപാൽ വർമ്മ ട്വിറ്ററിൽ കുറിച്ചു.