ഇരട്ട സ്ഫോടനക്കേസ്: തടിയന്റവിട നസീറിനെയും ഷിഫാസിനെയും കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജിയിൽ നോട്ടീസ്
ന്യൂഡൽഹി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും കുറ്റവിമുക്തരാക്കിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി. കേരള ഹൈക്കോടതി വിധിക്കെതിരെ എൻഐഎ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് നൽകിയത്.
2006ൽ കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലുമാണ് സ്ഫോടനം നടന്നത്. കേസിൽ വിചാരണ കോടതി നസീറിനും ഷിഫാസിനും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ എൻഐഎയ്ക്ക് സാധിച്ചില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാപ്പുസാക്ഷി ഷമ്മി ഫിറോസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, ഇവർക്കുമെതിരെ തെളിവായി സാക്ഷിമൊഴികളും ടെലിഫോൺ രേഖകളും ഉണ്ടെന്ന് എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി സുപ്രീം കോടതിയിൽ വാദിച്ചു. ഈ വിഷയം പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നും ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി.