ജറുസലേമിൽ ഇരട്ട സ്ഫോടനം; 16കാരന്‍ കൊല്ലപ്പെട്ടു
ജറുസലേം: ജറുസലേമിൽ നടന്ന ബോംബ് ആക്രമണത്തിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടു. രണ്ട് ബസ് സ്റ്റോപ്പുകളിലായി നടന്ന സ്ഫോടനത്തിൽ 14 പേർക്ക് പരിക്കേറ്റു. ജറുസലേം നഗരത്തിന് പുറത്തുള്ള തിരക്കേറിയ പ്രദേശത്ത് ആളുകൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു സ്ഫോടനം. ആദ്യ സ്ഫോടനത്തിലാണ് കൗമാരക്കാരൻ കൊല്ലപ്പെട്ടത്. ആദ്യ സ്ഫോടനത്തിൽ ഇയാളടക്കം 12 പേർക്ക് പരിക്കേറ്റിരുന്നു. രണ്ടാമത്തെ സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ദീർഘകാലത്തിനിടയിലെ ഏറ്റവും ഗുരുതരമായ ആക്രമണമെന്നാണ് ഇസ്രായേൽ ആഭ്യന്തര മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേലികൾക്കെതിരായ വെടിവെയ്പ്പുകളും കത്തി ആക്രമണങ്ങളും നടക്കുന്നതിനിടെയാണ് ജറുസലേമിൽ സ്ഫോടനം നടന്നത്. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയതിന് ശേഷം നിരവധി ആക്രമണങ്ങൾ ഇസ്രായേൽ സൈന്യം നേരിട്ടിട്ടുണ്ട്. ജറുസലേം പട്ടണത്തിന്‍റെ പ്രവേശന കവാടത്തിനടുത്തുള്ള ഗിവാത് ഷാവുളിലാണ് ആദ്യത്തെ സ്ഫോടനം നടന്നത്. പ്രാദേശിക സമയം രാത്രി 7 മണിയോടെയായിരുന്നു സംഭവം. രണ്ടാമത്തെ സ്ഫോടനം നടന്നത് 30 മിനിറ്റിന് ശേഷമാണ്. റാമോത്ത് ജംഗ്ഷനിലായിരുന്നു അത്. ജറുസലേം നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്ന് കൂടിയാണിത്.
ആളുകൾ ജീവനുവേണ്ടി ഓടുന്നതിന്‍റെയും പാറക്കഷണങ്ങളും അവശിഷ്ടങ്ങളും ചിതറിത്തെറിക്കുന്നതിന്‍റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രണ്ട് സ്ഫോടനങ്ങൾക്കും കാരണമായ സ്ഫോടക വസ്തുക്കൾ നേരത്തെ തന്നെ ഇവിടെ എത്തിച്ചെന്നാണ് ഇസ്രായേൽ പൊലീസ് കരുതുന്നത്. സ്ഫോടക വസ്തുക്കൾ ബാഗുകളിലാക്കി ബസ് സ്റ്റോപ്പുകളിൽ ഉപേക്ഷിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഡിറ്റണേറ്ററുകൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.