മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളുടെ സസ്പെൻഷൻ; നടപടി പിൻവലിച്ച് മസ്ക്
വാഷിങ്ടണ്‍ പോസ്റ്റിലെയും ന്യൂയോർക്ക് ടൈംസിലെയും ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. ഡോക്‌സിങ് റൂള്‍ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ പൂട്ടിയതെന്ന് പിന്നീട് റിപ്പോർട്ടുകളുണ്ടായിരുന്നു.
മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ചില മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ സസ്പെൻഷൻ പിന്‍വലിക്കുന്നുവെന്ന് ട്വിറ്റർ സിഇഒ ഇലോണ്‍ മസ്ക് അറിയിച്ചു. വിമർശനം ശക്തമായതോടെയാണ് തീരുമാനം എടുത്തതെന്നാണ് വിവരം.
സസ്പെൻഷൻ പിൻവലിക്കുന്നതിന് മുമ്പ് മസ്ക് ഇതുമായി ബന്ധപ്പെട്ട് ഒരു വോട്ടെടുപ്പും സംഘടിപ്പിച്ചിരുന്നു. നിരോധനം എത്രയും വേഗം നീക്കണമെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. അക്കൗണ്ടുകളുടെ സസ്പെൻഷൻ പിൻവലിച്ചതായി മസ്ക് പിന്നീട് ട്വീറ്റ് ചെയ്തു. മാധ്യമപ്രവർത്തകരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ട്വിറ്റർ ബഹിഷ്കരിക്കുമെന്നും പലരും പറഞ്ഞിരുന്നു.