ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ച് വിടല്‍; അയ്യായിരത്തോളം കരാര്‍ ജീവനക്കാരെ പുറത്താക്കി

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ട്വിറ്ററിൽ വലിയ അഴിച്ചു പണിയാണ് നടക്കുന്നത്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കമ്പനിയിലെ 50 ശതമാനം ജീവനക്കാരെ നേരത്തെ പിരിച്ച് വിട്ടിരുന്നു. ഇപ്പോൾ 5,000 കരാർ ജീവനക്കാരെയും ട്വിറ്റർ പിരിച്ച് വിട്ടതായാണ് റിപ്പോർട്ടുകൾ. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇവരെ പുറത്താക്കിയത്. എന്നിരുന്നാലും, കരാർ ജീവനക്കാരെ പിരിച്ച് വിട്ടതിനെക്കുറിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കമ്പനിയുടെ ഇമെയിൽ ആക്സസ് ലഭ്യമാകാതെ വന്നതോടെയാണ് പിരിച്ച് വിടലിനെക്കുറിച്ച് ജീവനക്കാർ അറിഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജീവനക്കാരെ പിരിച്ച് വിട്ട വിവരം ട്വിറ്റർ മാനേജർമാരെ പോലും അറിയിച്ചിരുന്നില്ല. ഔദ്യോഗിക മെയിലിലൂടെ ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് മാനേജർമാർ ഇക്കാര്യം അറിയുന്നത്. ചില ജീവനക്കാർ തന്നെ ഇവരെ പുറത്താക്കിയ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചു.

എലോൺ മസ്കിന്‍റെ വരവിന് ശേഷം ട്വിറ്ററിൽ വരുത്തിയ മാറ്റങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മസ്ക് അവതരിപ്പിച്ച പുതുക്കിയ വെരിഫിക്കേഷൻ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. വെരിഫിക്കേഷന് പ്രതിമാസം 8 ഡോളറായി പരിഷ്കരിച്ചതിന് ശേഷം, വ്യാജ അക്കൗണ്ടുകൾ വലിയ തോതിൽ വർദ്ധിച്ചു. ഇതോടെ ഇത് താൽക്കാലികമായി നിർത്തി വെച്ചു.