എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ട്വിറ്റര്‍ സ്തംഭിച്ചെന്ന് റിപ്പോര്‍ട്ട്

എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നതിന് ശേഷം, നിരവധി ആളുകൾക്ക് ട്വിറ്റർ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടതായി റിപ്പോർട്ട്. ഏകദേശം 2,000 ട്വിറ്റർ ഉപയോക്താക്കളാണ് ട്വിറ്റര്‍ സ്തംഭിച്ചതായി പരാതിപ്പെട്ടത്. എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ച് കൃത്യം ആറ് മിനിറ്റിന് ശേഷമാണ് ട്വിറ്റർ നിശ്ചലമായത്.

യുഎസ്, കാനഡ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിലെ ട്വിറ്റർ ഉപയോക്താക്കളാണ് തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചു.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുംബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രാജ്ഞി, 1952 ഫെബ്രുവരി 6 നാണ് പിതാവ് ജോർജ്ജ് ആറാമന്‍റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്നത്.