ക്രിസ്മസിന് മുന്‍പ് ട്വിറ്ററില്‍ നിന്ന് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്

ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്ററിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. ഇത്തവണ പോളിസി ടീമിലെ ജീവനക്കാരെ പിരിച്ചുവിട്ടു. ഇലോൺ മസ്ക് ചുമതലയേറ്റതിന് ശേഷം പകുതിയോളം ജീവനക്കാരെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയിരുന്നു. പോളിസി ടീമിലെ ജീവനക്കാരും തുടക്കത്തിൽ പിരിച്ചുവിട്ട ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു.

ട്വിറ്ററിന്‍റെ പോളിസി നയങ്ങൾ പരിഷ്കരിക്കുകയാണ് ലക്ഷ്യം. അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത, ഓൺലൈൻ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ നിയമവിദഗ്ധരുമായും ജനങ്ങളുമായും ആശയവിനിമയം നടത്താനുള്ള ഉത്തരവാദിത്തം പോളിസി ടീമിനുണ്ട്. അതേസമയം, ട്വിറ്ററിന്‍റെ പബ്ലിക് പോളിസി ചീഫ് ഷിനേഡ് മക്‌സ്വീനി സ്ഥാനമൊഴിഞ്ഞു.

ഇലോൺ മസ്ക് ട്വിറ്ററിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. പല തീരുമാനങ്ങളും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സിഇഒ സ്ഥാനം ഒഴിയണമോ എന്ന് ചോദിച്ച അഭിപ്രായ വോട്ടെടുപ്പിലും മസ്കിന് വലിയ തിരിച്ചടി നേരിട്ടു. മസ്ക് സ്ഥാനമൊഴിയണമെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരുന്നു.