ട്വിറ്റർ ഇനി മസ്കിന്റെ നിയന്ത്രണത്തിൽ; സിഇഒ പരാഗ് ഉൾപ്പെടെയുള്ളവരെ പിരിച്ചുവിട്ടു
സാൻഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്റർ വാങ്ങിയതിന് പിന്നാലെ എലോൺ മസ്ക് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെ കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റി ഹെഡ് എന്നിവരെയും പുറത്താക്കിയതായി വാഷിംഗ്ടൺ പോസ്റ്റ്, സിഎൻബിസി തുടങ്ങിയ യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്ന് പിന്മാറുന്നെന്ന് അറിയിച്ച മസ്കിനെ കോടതിയിൽ നേരിട്ടത് പരാഗിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കോടതി നിർദേശപ്രകാരം കരാർ നടപ്പാക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മസ്കിന്‍റെ നടപടി.
ഇന്നലെ മസ്ക് ട്വിറ്ററിൽ തന്‍റെ ബയോ ‘ചീഫ് ട്വിറ്റ്’ എന്ന് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്കോയിലെ ട്വിറ്ററിന്‍റെ ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചു. ബുധനാഴ്ച മസ്ക് ട്വിറ്റർ ആസ്ഥാനത്തെത്തിയത് ഒരു സിങ്കുമായാണ്. പുതിയ ഉത്തരവാദിത്തവുമായി പൊരുത്തപ്പെടാനാണ് (സിങ്ക്-ഇൻ) താൻ സിങ്കുമായി വന്നതെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് മസ്ക് പറഞ്ഞു.