രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള അനുമതി പുനഃസ്ഥാപിക്കാനൊരുങ്ങി ട്വിറ്റർ

വാഷിങ്ടൺ: ട്വിറ്ററിൽ രണ്ടു വർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള വിലക്ക് നീക്കാൻ ഒരുങ്ങി എലോൺ മസ്ക്. ട്വിറ്റർ സേഫ്റ്റി ഡിവിഷനാണ് വിവരം പുറത്തുവിട്ടത്.

വരും ആഴ്ചകളിൽ രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള അനുമതി ട്വിറ്റർ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2019ൽ വ്യാപകമായ വിമർശനത്തെ തുടർന്ന് രാഷ്ട്രീയ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ട്വിറ്ററിന്‍റെ നീക്കം.

നേരത്തെ, സമാനമായ രീതിയിൽ രാഷ്ട്രീയ പരസ്യങ്ങൾക്കും ഫേസ്ബുക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടർന്നാണ് ട്വിറ്ററിൻ്റെ തീരുമാനം. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ബ്ലൂടിക്കിനും പണം ഈടാക്കാൻ തീരുമാനിച്ചു.