സസ്പെൻഡ് ചെയ്തവരുടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

സ്ഥിരമായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ അറിയിച്ചു. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളെ ഉൾപ്പെടുത്തി ‘കണ്ടന്‍റ് മോഡറേഷൻ കൗൺസിൽ’ ആരംഭിക്കുമെന്ന് എലോൺ മസ്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുക എന്നത് കൗൺസിലിന്‍റെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്. കൗൺസിലിന്‍റെ സഹായമില്ലാതെ കണ്ടന്റ് മോഡറേഷനെക്കുറിച്ചോ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചോ താൻ വലിയ തീരുമാനങ്ങളൊന്നും എടുക്കില്ലെന്ന് മസ്ക് ട്വീറ്റ് ചെയ്തു. 

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള വിവാദ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യുന്നത് അത്ര വേഗത്തിൽ സംഭവിച്ചേക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമായാണ് ഇത്തരം അക്കൗണ്ട് നിരോധനങ്ങളെ കാണുന്നതെന്ന് മസ്ക് പറഞ്ഞു. ഒരു ഡിജിറ്റൽ “പബ്ലിക് സ്ക്വയർ” എന്ന നിലയിലാണ് അദ്ദേഹം ട്വിറ്ററിനെ വിഭാവനം ചെയ്യുന്നത്. വ്യാഴാഴ്ചയാണ് എലോൺ മസ്ക് ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. കരാർ ഒപ്പിട്ടതിന് പിന്നാലെ ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് പരാഗ് അഗ്രവാൾ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, ലീഗൽ അഫയേഴ്സ് ആൻഡ് പോളിസി ഹെഡ് വിജയ ഗദ്ദെ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അദ്ദേഹം പുറത്താക്കി. പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ തന്നെയും ട്വിറ്റർ നിക്ഷേപകരെയും അവർ തെറ്റിദ്ധരിപ്പിച്ചുവെന്ന് മസ്ക് ആരോപിച്ചിരുന്നു.