പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലും നടപടി. ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ എഎംഎ സലാമിന്‍റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തു.

അതേസമയം, പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷ തുടരുകയാണ്. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്‍റെ തുടർനടപടികളും ഇന്ന് സംസ്ഥാനങ്ങളിൽ സ്വീകരിക്കും. പലയിടത്തും സ്വത്തുക്കൾ കണ്ടുകെട്ടാനും ഓഫീസുകൾ സീൽ ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അതേസമയം നിരോധനത്തിന് ശേഷം സംഘടനാ നേതാക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ പ്രതിഷേധങ്ങളും കേന്ദ്ര സർക്കാർ നിരീക്ഷിക്കും. 

അതേസമയം, പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിൽ തുടർനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇന്നലെ കേന്ദ്ര വിജ്ഞാപനവും കൂടുതൽ നിർദ്ദേശങ്ങളും സർക്കാരിന് ലഭിച്ചിരുന്നെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. യു.എ.പി.എ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കാൻ എസ്.പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വിശദമായ സർക്കുലർ ഡിജിപി പുറപ്പെടുവിക്കും. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ ഇന്ന് ആരംഭിക്കും.