ട്വിറ്റർ നഷ്ട്ടത്തിലേക്ക്; മുന്നറിയിപ്പുമായി ഇലോൺ മസ്ക്

വാഷിങ്ടൻ: ട്വിറ്ററിന്‍റെ പുതിയ മേധാവി എലോൺ മസ്ക് ട്വിറ്റർ പാപ്പരത്വത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നൽകി. മുതിർന്ന ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത രാജിയാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.

മസ്ക് ഏറ്റെടുത്തതിന് ശേഷം 50 ശതമാനം ജീവനക്കാരെയും ട്വിറ്ററിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അതിനു പുറമെ ചീഫ് സെക്യൂരിറ്റി ഓഫിസർ ലിയ കിസ്നർ, മുതിർന്ന എക്‌സിക്യൂട്ടീവുകളായ യോയെൽ റോത്ത്, റോബിൻ വീലർ, ചീഫ് പ്രൈവസി ഓഫിസർ ഡാമിയൻ കീറൻ, ചീഫ് കംപ്ലയൻസ് ഓഫിസർ മരിയാനെ ഫൊഗാർട്ടി എന്നിവരുടെ രാജി പ്രതിസന്ധി രൂക്ഷമാക്കി.

വ്യാഴാഴ്ച ട്വിറ്ററിന്‍റെ മുഴുവൻ ജീവനക്കാരുമായും മസ്ക് നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ കമ്പനി ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത വർഷത്തേക്ക് ബില്യൺ കണക്കിന് ഡോളർ നഷ്ടമുണ്ടാകുമെന്നും അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.