വിമാനം ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു

ലിമ (പെറു): വിമാനം റൺവേയിൽ അഗ്നിശമന സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പെറുവിലെ ഹോര്‍ഹ്യേ ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളാണ് മരിച്ച രണ്ടുപേരും. ലതം എയർ ലൈൻസിന്‍റെ എയർ ബസ് എ320 നിയോ വിമാനമാണ് റൺവേയിൽ ട്രക്കുമായി കൂട്ടിയിടിച്ചത്.

യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. 102 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നിലവിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.