രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒന്നിച്ച്; സെപ്റ്റംബര്‍ അഞ്ചിനകം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. രണ്ട് മാസത്തേക്ക് 3,200 രൂപ വീതം പെൻഷൻ ലഭിക്കും. സെപ്റ്റംബർ അഞ്ചിനകം സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും പെൻഷൻ നൽകാനാണ് സർക്കാർ തീരുമാനം. ഇതിനായി 1749.73 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.

സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിനായി 1539.06 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 50.53 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ സംഘങ്ങൾ വഴി നേരിട്ടും പണം ലഭിക്കും. 6.52 ലക്ഷം ഗുണഭോക്താക്കൾക്കുള്ള ക്ഷേമനിധി പെൻഷനായി 210.67 കോടി രൂപ അനുവദിച്ചു.

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളും ഉണ്ടായിട്ടും സാധാരണക്കാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ദൃഢനിശ്ചയത്തിന്‍റെ ഭാഗമായാണ് രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുന്നത്.