പശ്ചിമഘട്ടത്തിൽ നിന്ന് രണ്ടിനം പുതിയ ഞണ്ടുകളെ കണ്ടെത്തി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഗവേഷകർ തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് ഒരു പുതിയ ജനുസ്സിലും രണ്ട് പുതിയ ഇനങ്ങളിലും പെട്ട കരയിലും വെള്ളത്തിലും വസിക്കുന്ന ഞണ്ടുകളെ കണ്ടെത്തി. ഈ ഇനങ്ങൾക്ക് ‘പവിഴം ഗവി’, ‘രാജാതെൽഫൂസ ബ്രുണ്ണിയ’ എന്നീ പേരുകളാണ് ഇട്ടത്.

കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ സ്മൃതി രാജ്, ബിജു കുമാർ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ലീ കോങ് ചിയാൻ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പീറ്റർ ഉങ്ങ് എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ കണ്ടെത്തലുകൾ സുവോളജിക്കൽ സ്റ്റഡീസിൽ പ്രസിദ്ധീകരിച്ചു.

പത്തനംതിട്ട ഗവിയിലെ ഒരു വെള്ളച്ചാട്ടത്തിലെ നിന്നാണ് ‘പവിഴം’ എന്ന പുതിയ ജനുസ്സിനെ ശേഖരിച്ചത്. ഗവിയിൽ കണ്ടെത്തിയതിനാൽ പുതിയ ഇനത്തിന് ‘ഗവി’ എന്നും പേരിട്ടു. തെക്കൻ പശ്ചിമഘട്ടത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഭരത, സ്‌നഹ ഇനങ്ങളുമായി ഉപരിപ്ലവമായി സാമ്യമുള്ളതാണ് പുതിയ ജനുസ്സായ പവിഴത്തിന്.