കൊല്ലത്ത് റോഡരികിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തി

കൊല്ലം: പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ രണ്ട് തലയോട്ടികൾ കണ്ടെത്തി. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. കവറിൽ പൊതിഞ്ഞ തലയോട്ടികൾ ആദ്യം കണ്ടത് ശുചീകരണ തൊഴിലാളികളാണ്.

കവറിനുള്ളിൽ തലയോട്ടിയുണ്ടെന്ന് വ്യക്തമായതോടെ ശുചീകരണത്തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ തലയോട്ടികൾ വളരെ പഴക്കമുള്ളതാണെന്ന് കണ്ടെത്തി.

തലയോട്ടികൾ പൊതിഞ്ഞ കവറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിച്ചതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രണ്ട് തലയോട്ടികളും കൂടുതൽ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ അന്വേഷണത്തിന് ശേഷമേ വിശദാംശങ്ങൾ അറിയൂവെന്ന് പൊലീസ് പറഞ്ഞു.