അണ്ടര്‍ 17 ലോകകപ്പ് വേദി നഷ്ടമാകരുതെന്ന് സുപ്രീംകോടതി; സസ്‌പെന്‍ഷന്‍ നീക്കാന്‍ ഫിഫയുമായി ചര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഫിഫയുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ട് തവണ ചർച്ച നടത്തിയെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. 

ഫിഫയുമായുള്ള പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കണം. ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ചിരുന്ന അണ്ടർ 17 ലോകകപ്പ് നഷ്ടപ്പെടുത്തരുതെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.