ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് അം​ഗീകരിക്കാനാവില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യഘട്ട മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി പൂർത്തീകരിച്ച മേൽപ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശുപത്രിയിൽ ചികിത്സാപ്പിഴവ് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടായാൽ രോഗിക്കോ ബന്ധുക്കൾക്കോ പരാതിപ്പെടാൻ ഒരു സംവിധാനം ഇന്ന് നിലവിലുണ്ട്. വൈകാരികമായ പൊട്ടിത്തെറിയുടെ ഭാഗമായി അക്രമം അഴിച്ചുവിടേണ്ട ആവശ്യമില്ല. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണം. ഒരു ചെറിയ നോട്ടപ്പിശക് മൂലമുണ്ടാകുന്ന തിരുത്താനാകാത്ത പിഴവ് നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങളെ വേട്ടയാടിയേക്കാം.

കേരളത്തിന്‍റെ വികസനത്തിനായി ആരംഭിച്ച കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നമല്ലെന്ന് ഇതിനകം തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016ൽ കിഫ്ബി ആരംഭിച്ചപ്പോൾ അത് മലർപ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് പല പ്രമുഖരും ആരോപിച്ചിരുന്നു. 2021 ൽ സർക്കാർ കാലാവധി പൂർത്തിയാക്കിയപ്പോൾ 50,000 കോടി രൂപ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 62,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. പണമില്ലാത്തതിനാൽ ചികിത്സ ലഭിക്കാത്ത ആരും നവകേരളത്തിൽ ഉണ്ടാകരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.