ഇന്ത്യയിലെ ഫുഡ്പാര്‍ക്കുകളില്‍ യുഎഇ 200 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു

ദുബായ്: ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഫുഡ് പാർക്കുകളിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇക്ക് പുറമെ ഇന്ത്യ, യുഎസ്, ഇസ്രയേൽ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ ഉച്ചകോടിക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്.

തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ കാർഷിക-ഫുഡ് പാർക്കുകളിലെ നിക്ഷേപം. ശുദ്ധമായ ഊർജ്ജ പദ്ധതികൾ പര്യവേക്ഷണം ചെയ്യുമെന്നും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇസ്രയേൽ സന്ദർശനത്തിന്‍റെ ആദ്യ ദിവസമായിരുന്നു ഓൺലൈൻ കൂടിക്കാഴ്ച. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും കൂടികാഴ്ചയിലുണ്ടായിരുന്നു.

ഫുഡ് പാർക്കുകൾക്കായുള്ള 2 ബില്യൺ ഡോളർ പദ്ധതിക്ക് പുറമേ, 300 മെഗാവാട്ട് കാറ്റാടി, സൗരോർജ ഹൈബ്രിഡ് പുനരുപയോഗ ഊർജ്ജ പദ്ധതിയും ഗുജറാത്തിൽ പ്രഖ്യാപിച്ചു. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി 330 ദശലക്ഷം ഡോളർ ധനസഹായം യുഎസ് ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎഇയ്ക്കും അതിന്‍റെ പിന്തുണയുണ്ട്. 2030 ഓടെ ഫോസിൽ ഇതര ഇന്ധന ഉൽപാദനം 500 ജിഗാവാട്ട് എന്ന ഇന്ത്യയുടെ ലക്ഷ്യത്തിൽ നിക്ഷേപിക്കാൻ ഇസ്രായേൽ, യുഎസ് ആസ്ഥാനമായുള്ള കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചു. നാല് രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെ ആദ്യ ഓൺലൈൻയോഗമായിരുന്നു വ്യാഴാഴ്ചത്തെ യോഗം.