പ്രമേഹ രോഗ നിയന്ത്രണത്തിൽ മുൻനിരയിൽ യുഎഇ

അബുദാബി: പ്രമേഹ രോഗ നിയന്ത്രണത്തിൽ മേഖലയിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് യുഎഇ എന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമ പറഞ്ഞു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ നയപരിപാടികളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി നടപ്പാക്കിയാണ് നിയന്ത്രണം സാധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമേഹത്തിനെതിരായ ദേശീയ പരിപാടിയുടെ ഭാഗമായാണ് നൂതന മരുന്നുകൾ പരീക്ഷിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 6.8 ശതമാനമായി കുറഞ്ഞു.  ഇത് ആഗോളതലത്തിൽ യു.എ.ഇ.യുടെ പ്രശസ്തി വർദ്ധിപ്പിക്കാൻ സഹായിച്ചു. പ്രമേഹത്തിനെതിരായ ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പ്രമേഹം നിയന്ത്രിക്കാനും ഗുരുതരമാകുന്നത് തടയാനും അതുവഴി വിലയേറിയ ജീവൻ രക്ഷിക്കാനും കഴിയുമെന്നും സൂചിപ്പിച്ചു.