ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കാൻ യുഎഇയുടെ 2 ബില്യൺ ഡോളർ നിക്ഷേപം

ന്യൂഡൽഹി: ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കുന്നതിന് യു.എ.ഇയുടെ 2 ബില്യൺ ഡോളറിന്‍റെ പദ്ധതി വരുന്നു. ഇസ്രായേലുമായും അമേരിക്കയുമായും സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. ഇന്ന് നടക്കുന്ന ‘ഐ 2 യു 2’ ഉച്ചകോടിയിൽ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മധ്യപൂർവ ദേശത്തെ ‘ക്വാഡ്’ എന്ന് വിളിക്കപ്പെടുന്ന ഉച്ചകോടി ഇതാദ്യമായാണ് നടക്കുന്നത്. ഇന്ത്യ, ഇസ്രയേൽ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങളാണ് ഈ ഗ്രൂപ്പിലെ അംഗങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി യായിർ ലാപിഡ്, യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം ഈ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇത്തരമൊരു കൂട്ടായ്മ ഉടലെടുത്തത്.

ജലം, ഊർജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ഗ്രൂപ്പിന്‍റെ പ്രധാന ലക്ഷ്യം. അടിസ്ഥാന സൗകര്യവികസനത്തിന് സ്വകാര്യ മേഖലയുടെയും വിദഗ്ധരുടെയും പങ്കാളിത്തം ആകർഷിക്കുന്നതിനും പൊതുജനാരോഗ്യവും ഹരിതസാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.