കഞ്ചാവ് വീട്ടുപടിക്കലെത്തിക്കാൻ ഊബർ ഈറ്റ്സ്

കാനഡ: ഊബർ ഈറ്റ്സ് കഞ്ചാവ് വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നു. കാനഡയിലെ ടൊറന്‍റോയിൽ കഞ്ചാവ് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഊബർ ഈറ്റ്സ്. കഞ്ചാവ് ജനങ്ങളുടെ പടിവാതിൽക്കൽ എത്തുമെന്ന പ്രത്യേകത ഇതിനുണ്ട്. ഓൺലൈനിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്ലിയുമായി സഹകരിച്ചാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യുന്നത്. ടൊറന്‍റോ മേഖലയിലെ ചില്ലറ വ്യാപാരികളുമായി ഇതിനകം ചർച്ചകൾ നടക്കുന്നുണ്ട്. ഊബർ ഡ്രൈവർമാർക്ക് പകരം, റീട്ടെയിലർമാരുടെ ജീവനക്കാർ ആവശ്യമുള്ളവരുടെ വീട്ടുപടിക്കൽ കഞ്ചാവ് എത്തിക്കും. 

ടൊറന്‍റോയിൽ കഞ്ചാവ് വേണ്ട ഉപഭോക്താക്കൾക്ക് ഊബർ ഈറ്റ്സ് ആപ്പ് തുറന്നതിന് ശേഷം എവിടെ നിന്ന് വേണമെന്ന് തിരഞ്ഞെടുക്കാം. എന്നിരുന്നാലും, ഓർഡർ ചെയ്യുന്ന ആളുകൾക്ക് കുറഞ്ഞത് 19 വയസ്സ് പ്രായം ഉണ്ടായിരിക്കണം. ഇത് കാനഡയിലെ നിയമം അനുസരിച്ചാണ്. 

“ചില്ലറ വിൽപ്പനക്കാരെ മികച്ച രീതിയിൽ കഞ്ചാവ് വിൽക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ ലീഫ്ലിയെപ്പോലുള്ള വ്യവസായ പ്രമുഖരുമായി സഹകരിക്കുന്നു. ടൊറന്‍റോയിലെ ആളുകൾക്ക്, കഞ്ചാവ് നിയമപരമായി അവരുടെ വീട്ടുപടിക്കൽ എത്തിക്കും. അത് നിയമവിരുദ്ധമായ കഞ്ചാവ് വിൽപന പോലെയുള്ള പ്രവർത്തനങ്ങൾ തടയാനും സഹായിക്കും,” കാനഡയിലെ ഊബർ ഈറ്റ്സ് ജനറൽ മാനേജർ ലോല കാസിം പറഞ്ഞു.