തിരഞ്ഞെടുപ്പ് ചിഹ്നമായി ത്രിശൂലം അല്ലെങ്കില്‍ ഉദയസൂര്യന്‍ വേണമെന്ന് ഉദ്ധവ് പക്ഷം
ന്യൂഡല്‍ഹി: അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം പുതിയ പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘ശിവസേന ബാലസാഹേബ് താക്കറെ’ എന്ന പേരിനാണ് ഉദ്ധവ് പക്ഷം മുൻതൂക്കം നൽകുന്നത്. ‘ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറേ’ എന്ന പേരിനാണ് രണ്ടാം പരിഗണന. പേരിന് പുറമെ രണ്ട് ചിഹ്നങ്ങളും അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ത്രിശൂല ചിഹ്നത്തിന് ഉദ്ധവ് താക്കറെ ക്യാമ്പ് മുൻഗണന നൽകിയിട്ടുണ്ട്. രണ്ടാമത്തെ പരിഗണന ഉദയസൂര്യന്റെ ചിഹ്നത്തിനുമാണ്.
ചിഹ്നത്തെച്ചൊല്ലി ഉദ്ധവ് താക്കറെ-ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് പക്ഷത്തിന്‍റെ നീക്കം. ചിഹ്നം മരവിപ്പിച്ചതിന് തൊട്ടുപിന്നാലെ മൂന്ന് പേരുകളും ചിഹ്നങ്ങളും അടങ്ങിയ പട്ടിക സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇരുപാർട്ടികൾക്കും നിർദ്ദേശം നൽകി. ഇരുപാർട്ടികൾക്കും സമർപ്പിച്ച പേരുകളും ചിഹ്നങ്ങളും ഓരോന്നായി നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഇരുവിഭാഗവും പുതിയ പേരുകൾ തിരഞ്ഞെടുക്കണം. 1989-ലാണ് ശിവസേനയ്ക്ക് അമ്പും വില്ലും ചിഹ്നം ലഭിക്കുന്നത്. നേരത്തെ, വാളും പരിചയും, തെങ്ങ്, റെയില്‍വേ എന്‍ജിന്‍ തുടങ്ങിയ ചിഹ്നങ്ങളിലാണ് ശിവസേന തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്.
ഏക്നാഥ് ഷിൻഡെയും സംഘവും ബിജെപിയുമായി കൈകോർത്ത് സർക്കാർ രൂപീകരിക്കാൻ എത്തിയതോടെയാണ് പാർട്ടിക്കുള്ള അവകാശത്തെച്ചൊല്ലി തർക്കം ഉടലെടുത്തത്. ഉദ്ധവ് താക്കറെ പക്ഷം ദുർബലമാണെന്നും പാർട്ടിക്കുള്ളിൽ പിന്തുണയില്ലെന്നും ഷിൻഡെ വിഭാഗം അവകാശപ്പെട്ടു.