ഉദയനിധി ചിത്രം ‘കലഗ തലൈവന്‍’ ടീസര്‍ പുറത്ത്

ഉദയനിധി സ്റ്റാലിനെ നായകനാക്കി മഗിഴ് തിരുമേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കലഗ തലൈവൻ’ എന്ന തമിഴ് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 1.16 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ് പുറത്തിറങ്ങിയത്. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറിൽ ഉദയനിധി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

അരുണ്‍രാജ കാമരാജ് സംവിധാനം ചെയ്ത ‘നെഞ്ചുക്കു നീതി’ക്ക് ശേഷമുള്ള ഉദയനിധിയുടെ അടുത്ത ചിത്രമാണിത്.
വളരെക്കാലം മുമ്പ് പ്രഖ്യാപിച്ച ചിത്രം പല കാരണങ്ങളാൽ മുടങ്ങിയിരുന്നു. കഴിഞ്ഞ വർഷമാണ് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. അരുണ്‍ വിജയ് നായകനായി എത്തിയ ‘തടം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അദ്ദേഹത്തിൻ്റെ കരിയറിലെ അഞ്ചാമത്തെ ചിത്രമാണിത്.

നിധി അഗർവാളാണ് നായിക. സംഗീത സംവിധായകൻ ശ്രീകാന്ത് ദേവയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം. കലൈയരശൻ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.