യുവേഫ ചാമ്പ്യന്‍സ് ലീഗ്; ചെൽസിയും, പിഎസ്ജിയും ഇന്നിറങ്ങും

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഉറപ്പിക്കാൻ ചെൽസി ഇന്നിറങ്ങും. പി.എസ്.ജി, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളും ഇന്ന് മത്സരിക്കും. ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് വിജയമാണ് ചെൽസി തേടുന്നത്. ഓസ്ട്രിയൻ ക്ലബ് ആർബി സാൽസ്ബർഗിനെതിരെ വിജയം നേടിയാൽ ചെൽസിക്ക് അവസാന 16 ൽ ഇടം പിടിക്കാം. സമനിലയോ തോൽവിയോ ഉണ്ടായാൽ ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളുടെ ഫലം നിർണായകമാകും.

സാൽസ്ബർഗിലെ റെഡ്ബുൾ അരീനയിൽ ഇന്ത്യൻ സമയം രാത്രി 10:15നാണ് മത്സരം. വിജയവഴിയിൽ തിരിച്ചുവരാൻ ശ്രമിക്കുന്ന പി.എസ്.ജി ഇന്ന് ഇസ്രയേൽ ക്ലബ് മക്കാബി ഹൈഫയെ നേരിടും. തുടർച്ചയായി രണ്ട് സമനിലകൾ വഴങ്ങിയിട്ടും പി.എസ്.ജിയുടെ പ്രീക്വാർട്ടർ സ്ഥാനത്തിന് വെല്ലുവിളിയില്ല. ലയണൽ മെസി, നെയ്മർ, എംബാപ്പെ എന്നീ ത്രിമൂർത്തികളുടെ കരുത്തിൽ കുതിക്കുന്ന പി.എസ്.ജി പ്രീക്വാർട്ടർ പ്രവേശനം ആധികാരികമാക്കാനുള്ള ശ്രമത്തിലാണ്.