വിദ്യാർഥികളുടെ സാമൂഹികപ്രതിബദ്ധത കൂട്ടാൻ പുതിയ കോഴ്‌സ് ആരംഭിക്കാൻ യു.ജി.സി

ന്യൂഡൽഹി: കോളേജ് വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയും പങ്കാളിത്തവും വർദ്ധിപ്പിക്കണമെന്ന് യുജിസി. ഇതിന്‍റെ ഭാഗമായി ‘കമ്മ്യൂണിറ്റി എൻഗേജ്മെന്‍റ് ആൻഡ് സോഷ്യൽ റെസ്പോൺസിബിലിറ്റി’ എന്ന പേരിൽ പുതിയ ഓൺലൈൻ കോഴ്സ് ആരംഭിക്കും. 30 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ‘സ്വയം’ പോർട്ടൽ വഴി നടത്തും. എല്ലാ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും കോഴ്സിന്‍റെ ഭാഗമാകാം. അടുത്ത അക്കാദമിക് സെഷൻ മുതൽ swayam.gov.in. പോർട്ടലിൽ കോഴ്സ് ലഭ്യമാകും.

ഗ്രാമീണ മേഖലയിലെ സാമൂഹിക യാഥാർത്ഥ്യങ്ങൾ, ഇന്ത്യൻ സംസ്കാരം, ധാർമ്മികത, സഹാനുഭൂതി എന്നിവ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ കോഴ്സ് സഹായിക്കുമെന്ന് യുജിസി ചെയർമാൻ എം.ജഗദീഷ് കുമാർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമൂഹിക പ്രതിബദ്ധത വർധിപ്പിക്കുന്നതിനെക്കുറിച്ച് യു.ജി.സി ചർച്ച ചെയ്തു.

ഫെബ്രുവരിയിൽ പൊതുജനാഭിപ്രായം തേടിയിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗ്രാമീണ മേഖലകളുടെ വളർച്ച ത്വരിതപ്പെടുത്താൻ ലക്ഷ്യമിടുന്ന ഉന്നത്ത് ഭാരത് അഭിയാൻ (യുബിഎ) പദ്ധതിയുടെ ഭാഗമാണിത്.