‘ഇസിയം’; റഷ്യയുടെ പിന്മാറ്റത്തിൽ മുന്നേറി യുക്രെയ്ൻ
കീവ്: വടക്കൻ യുക്രെയ്നിലെ ഇസിയം നഗരത്തിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയപ്പോൾ യുക്രെയ്ൻ അപ്രതീക്ഷിതമായ മുന്നേറ്റം നടത്തി. ഹാർകീവ് പ്രവിശ്യയിലെ തന്ത്രപ്രധാനമായ ഒരു നഗരമാണ് ഇസിയം. കഴിഞ്ഞ മാർച്ചിൽ കീവിൽ നിന്ന് പിൻവാങ്ങിയതിന് ശേഷം റഷ്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായാണ് ഇതിനെ കാണുന്നത്. യുക്രേനിയൻ സൈന്യം കുപ്യാൻസ്ക് നഗരം തിരിച്ചുപിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസിയത്തിൽ നിന്ന് റഷ്യ പിൻവാങ്ങിയത്.
റഷ്യയിൽ നിന്നുള്ള സൈന്യത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും റെയിൽ മാർഗം കൊണ്ടുപോകുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രധാന കേന്ദ്രമാണ് റെയിൽ നഗരമായ കുപ്യാൻസ്ക്. റഷ്യൻ പതാക നഗരത്തിൽ നിന്ന് നീക്കം ചെയ്യുകയും യുക്രേനിയൻ പതാക സ്ഥാപിക്കുകയും ചെയ്തു. വടക്കൻ യുക്രെയിനിൽ റഷ്യൻ സേനയ്ക്ക് സാധനങ്ങൾ വിതരണം ചെയ്ത റെയിൽ പാതയുടെ നിയന്ത്രണം യുക്രെയ്ൻ ഏറ്റെടുത്തതിന് ശേഷം മുൻനിരയിലെ ആയിരക്കണക്കിനു റഷ്യൻ സൈനികർ കുടുങ്ങിയ നിലയിലാണ്.
യുക്രേനിയൻ സൈന്യം പിടിച്ചെടുത്ത ഗ്രാമങ്ങളുടെ പല ഭാഗങ്ങളിലും റഷ്യൻ ടാങ്കുകളും കവചിത വാഹനങ്ങളും കത്തിക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു. ഹാർകീവിൽ റഷ്യയുടെ മുൻനിര സേനയ്ക്ക് തിരിച്ചടി നേരിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സമ്മതിച്ചു. കൂടുതൽ സേനയെ അവിടേക്ക് അയച്ചിട്ടുണ്ടെന്നും ഉടൻ തന്നെ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.