ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നിന്ദ്യമെന്ന് യുക്രൈന്‍

കീവ്: ബെലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുടെ സ്വാതന്ത്ര്യദിന ആശംസകൾ യുക്രൈൻ നിരസിച്ചു. ബെലാറസിന്‍റെ തലസ്ഥാനമായ മിൻസ്കിൽ നിന്ന്, യുക്രൈനെതിരെ ആക്രമണം നടത്താൻ റഷ്യയെ അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് യുക്രൈൻ ആശംസകള്‍ നിരസിച്ചത്. ‘നിന്ദ്യമായ ആശംസ’ എന്നായിരുന്നു യുക്രൈന്റെ പ്രതികരണം.

സോവിയറ്റ് യൂണിയനിൽ നിന്ന് യുക്രൈൻ സ്വാതന്ത്ര്യം നേടിയതിന്‍റെ 31-ാം വാർഷികത്തിൽ, ലുകാഷെന്‍കോ അപ്രതീക്ഷിതമായി യുക്രൈൻ ജനതയ്ക്ക് ആശംസകളുമായി എത്തുകയായിരുന്നു. “സമാധാനം സഹിഷ്ണുത, ധൈര്യം, ശക്തി, ജീവിതം എന്നിവ പുനഃസ്ഥാപിക്കുന്നതില്‍ വിജയം ആശംസിക്കുന്നു” എന്നായിരുന്നു ലുകാഷെന്‍കോ പറഞ്ഞത്.

റഷ്യയുടെ അടുത്ത സഖ്യകക്ഷിയാണ് ബെലാറസ്. റഷ്യ-യുക്രൈൻ യുദ്ധകാലത്ത്, യുക്രൈനിലേക്ക് ആയിരക്കണക്കിന് സൈനികരെ അയയ്ക്കാനും അതിന്‍റെ വ്യോമാതിർത്തിയിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കാനും ബെലാറസ് റഷ്യയെ സഹായിച്ചു.