കുപ്യാൻസ്‌ക് നഗരം തിരികെ പിടിച്ച് യുക്രെയ്ൻ; പിൻവാങ്ങി റഷ്യ

കീവ്: ആറ് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തി യുക്രെയ്ൻ. കിഴക്കൻ യുക്രെയ്‌നിലെ കുപ്യാൻസ്‌ക് നഗരം യുക്രെയ്ൻ സേന പിടിച്ചെടുത്തതോടെ റഷ്യൻ സൈന്യം ആയുധങ്ങൾ ഉപേക്ഷിച്ച് പിൻവാങ്ങി തുടങ്ങിയെന്നാണ് റിപ്പോർട്ട്. പിന്തിരിഞ്ഞ് ഓടുന്ന റഷ്യന്‍ സൈനികരെ കുറിച്ചുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വൈറലായിരിക്കുകയാണ്. റഷ്യയിൽ നിന്ന് സേനയ്‌ക്ക് ആവശ്യമായ സാധനങ്ങളെല്ലാം റെയിൽ മാർഗം എത്തിച്ച് വിതരണം ചെയ്തിരുന്ന പ്രധാന കേന്ദ്രമാണ് കുപ്യാൻസ്‌ക്. നഗരത്തിൽ നിന്ന് റഷ്യയുടെ പതാക നീക്കി യുക്രെയ്‌ന്റെ പതാക പുന:സ്ഥാപിച്ചു. നഗരത്തിൽ യുക്രെയ്ൻ സൈനികർ നിൽക്കുന്നതിന്റെ ചിത്രങ്ങൾ യുക്രെയ്ൻ സ്‌പെഷ്യൽ ഫോഴ്‌സ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. റഷ്യൻ സൈന്യത്തിന് അവശ്യസാധനങ്ങളും ആയുധങ്ങളും എത്തിച്ചിരുന്ന പ്രധാന താവളം പിടിക്കാനായത് യുക്രെയ്ൻ സൈന്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ കീവിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ നിർബന്ധിതരാക്കപ്പെട്ടതിന് ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.