ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ഉക്രൈന്‍ ഓഫീസ് മേധാവി രാജിവെച്ചു

കീവ്: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ ഉക്രൈൻ ഓഫീസിന്‍റെ തലവൻ രാജിവച്ചു. റഷ്യ-ഉക്രൈൻ വിഷയത്തിൽ ഉക്രേനിയൻ സർക്കാരിനെയും സൈന്യത്തെയും കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് ആംനസ്റ്റി പുറത്തുവിട്ടതിന് പിന്നാലെയാണ് വിയോജിപ്പ് രേഖപ്പെടുത്തി മേധാവി ഒക്‌സാന പൊകാല്‍ചുക് രാജി വെച്ചത്.

റഷ്യൻ സൈന്യം അധിനിവേശം നടത്തിയ സമയത്ത് ജനവാസ മേഖലകളിൽ സൈന്യത്തെ വിന്യസിച്ചതിലൂടെ ഉക്രൈനിലെ സായുധ സേന രാജ്യത്തെ സിവിലിയൻമാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്നാണ് ആംനസ്റ്റി ആരോപിച്ചത്. ഉക്രേനിയൻ സൈന്യം സ്കൂളുകളിലും ആശുപത്രികളിലും സൈനിക താവളങ്ങൾ സ്ഥാപിക്കുകയും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിന്ന് റഷ്യയ്ക്കെതിരെ പ്രത്യാക്രമണം നടത്തുകയും ചെയ്യുന്നതെന്നും ആംനസ്റ്റി പ്രസ്താവനയിൽ പറഞ്ഞു.