പോളണ്ടിൽ പതിച്ചത് ഉക്രൈൻ സേനയുടെ മിസൈൽ; ഉത്തരവാദി റഷ്യയെന്ന് നാറ്റോ

വാഴ്സ: പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയുടേതല്ലെന്നും ഉക്രൈൻ സൈന്യത്തിന്‍റേതാണെന്നും സ്ഥിരീകരിച്ചു. പോളണ്ടും നാറ്റോയും ഇക്കാര്യം വ്യക്തമാക്കി. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചെന്നാരോപിച്ച പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

ഉക്രൈന്റെ മിസൈലാണെങ്കിലും റഷ്യയാണ് യഥാർത്ഥ കുറ്റവാളിയെന്ന് നാറ്റോ മേധാവി പറഞ്ഞു. “ഇത് ഉക്രൈന്റെ കുറ്റമല്ല. ഉക്രൈൻ സൈന്യത്തെ ആദ്യം ആക്രമിച്ചത് റഷ്യയാണ്. റഷ്യയ്ക്കാണ് അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം. ഉക്രൈനെതിരെ റഷ്യ നിയമവിരുദ്ധമായ യുദ്ധം തുടരുകയാണ്,” നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾറ്റൻബർഗ് പറഞ്ഞു.

ചൊവ്വാഴ്ച ഉക്രൈൻ അതിർത്തിക്കടുത്തുള്ള പോളണ്ടിന്‍റെ പ്രദേശത്ത് മിസൈൽ പതിച്ച് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയൻ നിർമിച്ച എസ്–300 റോക്കറ്റാണ് ഉപയോഗിച്ചത്. ഇതു റഷ്യൻ സേനയുടേതാകാൻ സാധ്യതയില്ലെന്നും ഉക്രൈൻ പ്രതിരോധസേന തൊടുത്തതാകുമെന്നും പോളണ്ട് പ്രസിഡന്റ് ആന്ദ്രെയ് ദൂദ വ്യക്തമാക്കി. നാറ്റോയും ഈ വാദത്തെ പിന്തുണച്ചു.