മികച്ച ഫോട്ടോ ജേർണലിസം പുരസ്ക്കാരം യുക്രൈൻ ഫോട്ടോഗ്രാഫർക്ക്

യുക്രൈൻ ഫോട്ടോ ജേണലിസ്റ്റ് എവ്ജെനി മലോലെറ്റ്കയ്ക്ക് വിസ ഡി ഓർ പുരസ്കാരം. റഷ്യൻ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട മരിയുപോളിന്‍റെ ദൃശ്യങ്ങൾ ലോകത്തിന് മുന്നിൽ പകർത്തിയതിനാണ് പുരസ്കാരം. ഫോട്ടോ ജേണലിസം വിഭാഗത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് വിസ ഡി ഓർ പുരസ്ക്കാരം.

തെക്കൻ ഫ്രഞ്ച് നഗരമായ പെർപിഗ്നാനിൽ നടന്ന അവാർഡ് ചടങ്ങിൽ, മലോലെറ്റ്ക തന്‍റെ പുരസ്കാരം ഉക്രൈനിലെ ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്ന് പറഞ്ഞു. അസോസിയേറ്റഡ് പ്രസ് ഏജൻസിയിൽ ജോലി ചെയ്യുന്ന 35-കാരനായ മലോലെറ്റ്ക, ആദ്യത്തെ റഷ്യൻ ബോംബ് വീഴുന്നതിന് ഒരു മണിക്കൂർ മുമ്പ് മരിയുപോളിൽ പ്രവേശിച്ച ആദ്യ പത്രപ്രവർത്തകരിൽ ഒരാളായിരുന്നു.

റഷ്യൻ ഷെല്ലാക്രമണത്തിൽ പൂർണ്ണമായും നശിച്ച നഗരം വിട്ട അവസാനത്തെ വ്യക്തിയും അദ്ദേഹമായിരുന്നു. “നീണ്ട, അവസാനിക്കാത്ത ഒരു ദിവസം പോലെ ആയിരുന്നു അന്ന്, ദിനംപ്രതി സാഹചര്യം വഷളാകുകയും മോശമാവുകയും ചെയ്തു” താൻ അവിടെ ചെലവഴിച്ച 20 ദിവസത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ സംഘർഷത്തിന്റെ മുഴുവൻ ഭീകരതയും ഒപ്പിയെടുക്കുന്നതായിരുന്നു.