അൾട്രാടെക്കിന്റെ അറ്റാദായത്തിൽ 42% ഇടിവ്
രാജ്യത്തെ ഏറ്റവും വലിയ സിമന്‍റ് കമ്പനിയായ അൾട്രാടെക് സിമന്‍റ് ലിമിറ്റഡിന്റെ അറ്റാദായത്തിൽ 42% ഇടിവ് രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) അൾട്രാടെക് 755.7 കോടി രൂപ അറ്റാദായം നേടി. ഉയർന്ന ഊർജ്ജ വില കാരണമാണ് ബിർള ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലാഭം കുറഞ്ഞത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 1,313.5 കോടി രൂപ അറ്റാദായം നേടിയിരുന്നു. ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം 52.3 ശതമാനം കുറഞ്ഞു. 2022 ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനി 1,584 കോടി രൂപ അറ്റാദായം നേടിയിരുന്നു. ഏകീകൃത വരുമാനം മുൻ വർഷത്തേക്കാൾ 15.6 ശതമാനം ഉയർന്ന് 13,892.7 കോടി രൂപയായി. അതേസമയം, ഏപ്രിൽ-ജൂൺ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ വരുമാനം 8.4 ശതമാനം കുറഞ്ഞു.
മഴ കാരണം രണ്ടാം പാദത്തിൽ രാജ്യത്ത് സിമന്‍റിന് ഡിമാൻഡ് കുറവായിരുന്നെന്നും ദീപാവലിക്ക് മുന്നോടിയായി വിപണി ശക്തിപ്പെട്ടുവെന്നും അൾട്രാടെക് പറഞ്ഞു. അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്‍റ് രണ്ടാം പാദത്തിൽ 87.32 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു. 6,350 രൂപയിൽ ആരംഭിച്ച അൾട്രാടെക്കിന്‍റെ ഓഹരികൾ നിലവിൽ 6,343.65 രൂപയിലാണ് വ്യാപാരം നടത്തുന്നത്.