മൂന്നാം ഘട്ട പിരിച്ച് വിടലുമായി അൺഅക്കാഡമി; 350 പേർക്ക് ജോലി നഷ്ടമായി

ബെംഗളൂരു: സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള എഡ് ടെക് സ്ഥാപനമായ അൺഅക്കാദമി വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് അൺഅക്കാദമി ജീവനക്കാരെ പിരിച്ചുവിടുന്നത്. മൂന്നാം ഘട്ടത്തിൽ 350 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധി കാരണം ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറച്ചതെന്ന് അൺഅക്കാദമി സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗൗരവ് മുഞ്ജൽ ജീവനക്കാരോട് പറഞ്ഞു. ഈ പിരിച്ചുവിടൽ അതീവ ദുഃഖമുണ്ടാക്കുന്നതായും എന്നാൽ കമ്പനിക്ക് മുന്നിൽ മറ്റ് മാർഗമില്ലെന്നും ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ഗൗരവ് മുഞ്ജൽ പറഞ്ഞു. 
 
പിരിച്ചുവിട്ട ജീവനക്കാർക്ക് നോട്ടീസ് കാലയളവ് ഉണ്ടാകില്ല. പകരം, നോട്ടീസ് കാലയളവിന് തുല്യമായി രണ്ട് മാസത്തെ അധിക ശമ്പളം നൽകുമെന്ന് അൺഅക്കാദമി സിഇഒ പറഞ്ഞു. ഒരു വർഷത്തേക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും നൽകും. അപ്രതീക്ഷിതമായി പിരിച്ചുവിടേണ്ടി വന്നതിൽ ജീവനക്കാരോട് ക്ഷമ ചോദിക്കുന്നതായും മുഞ്ജൽ പറഞ്ഞു. വിപണിയിലെ വെല്ലുവിളികൾ കാരണം ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നു. ഫണ്ടിംഗ് ഗണ്യമായി കുറഞ്ഞു. ചെലവ് കുറയ്ക്കാൻ കമ്പനി ബാധ്യസ്ഥരാകുകയാണെന്നും ഗൗരവ് മുഞ്ജൽ പറഞ്ഞു.