ഉനക്കോട്ടി ക്ഷേത്ര-ശിൽപ സമുച്ചയം യുനെസ്‌കോ ലോക പൈതൃക പട്ടികയിലേക്ക്

ത്രിപുരയിലെ ഉനക്കോട്ടി ക്ഷേത്ര ശിൽപ സമുച്ചയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേയ്ക്ക്. ‘വടക്കുകിഴക്കിന്റെ അങ്കോര്‍വാട്ട്’ എന്നാണ് ഇതറിയപ്പെടുന്നത്. അഗർത്തലയിൽ നിന്ന് 180 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രഘുനന്ദൻ കുന്നുകളിലെ ശിൽപങ്ങളും കൊത്തളങ്ങളും പ്രധാന ശൈവ തീര്‍ഥാടനകേന്ദ്രം കൂടിയാണ്.

എട്ടാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ രൂപപ്പെടുത്തിയതെന്ന് കരുതപ്പെടുന്ന ഈ തീർത്ഥാടന കേന്ദ്രം കൃത്യമായി സംരക്ഷിക്കപ്പെടാത്തതിനാലും കാലാവസ്ഥാ വ്യതിയാനംകൊണ്ടും നാശത്തിന്‍റെ വക്കിലായിരുന്നു. കമ്പോഡിയയിലെ പ്രശസ്തമായ ‘അങ്കോർവാട്ട്’ ക്ഷേത്ര സമുച്ചയത്തിന് സമാനമാണ് ഇവിടുത്തെ ശിൽപങ്ങൾ.

പുരാവസ്തു വകുപ്പിന്‍റെ ഇടപെടലിനെ തുടർന്നാണ് ക്ഷേത്ര സമുച്ചയം അതിജീവിച്ചത്. ഈ പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കേന്ദ്രസർക്കാർ 12 കോടി രൂപ അനുവദിച്ചിരുന്നു. യുനെസ്കോയുടെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.