ഡൽഹി സര്‍വ്വകലാശാലയിലെ ബിരുദ പ്രവേശനം; മലയാളി വിദ്യാർത്ഥികളുടെ എണ്ണത്തില്‍ കുറവ്

ഡൽഹി: ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരള ബോർഡ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 61 ശതമാനം കുറവുണ്ടായി. പ്രവേശന പരീക്ഷയ്ക്ക് സിബിഎസ്ഇക്ക് സമാനമായ സിലബസ് അവതരിപ്പിച്ചത് സംസ്ഥാനങ്ങളിലെ ബോർഡ് പരീക്ഷ എഴുതിയവർക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഡൽഹി സർവകലാശാലയിൽ 1,75,149 പേരാണ് ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചത്. അപേക്ഷകരിൽ 1,42,473 വിദ്യാർത്ഥികളാണ് ഈ വർഷം സിബിഎസ്ഇ പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 1.5 ശതമാനം വർദ്ധനവാണ് ഇവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 1847 പേർ മാത്രമാണ് ഇത്തവണ കേരളത്തിൽ നിന്ന് അപേക്ഷിച്ചത്. കഴിഞ്ഞ വർഷം ഇത് 4824 ആയിരുന്നു.

ബിരുദ പ്രവേശന പ്രക്രിയയിലെ അപാകതകൾ പരിഹരിക്കാൻ നിയോഗിച്ച സമിതിയാണ് ഈ വർഷം മുതൽ പ്രവേശന പരീക്ഷ ഏർപ്പെടുത്തിയത്. സി.ബി.എസ്.ഇ സിലബസിന് ഊന്നൽ നൽകിയുള്ള പ്രവേശന പരീക്ഷയായതിനാൽ സംസ്ഥാന സിലബസ് പിന്തുടർന്ന വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനം പേർ പിൻവാങ്ങിയെന്നാണ് കണക്ക്.

പ്രവേശന പ്രക്രിയ വൈകുന്നതും അപേക്ഷകരുടെ എണ്ണം കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രവേശന പ്രക്രിയയ്ക്കിടെ മാർക്ക് ജിഹാദ് ഉൾപ്പെടെയുള്ള വിവേചനപരമായ പരാമർശങ്ങൾ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. രണ്ട് ഘട്ട അലോട്ട്മെന്‍റ് കൂടി ഇനിയും നടക്കാനുണ്ട്. ആദ്യഘട്ടത്തിൽ 30,000 പേരാണ് പ്രവേശനം നേടിയത്.