ഏകീകൃത കുര്‍ബാന; ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞ് പ്രതിഷേധം

കൊച്ചി: ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിഷേധം. ഏകീകൃത കുർബാന തർക്കത്തിനിടെ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ വിമത വിഭാ​ഗം തടഞ്ഞു. ആറ് മണിയോടെ കൊച്ചി സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക മുന്നിൽ എത്തിയ ബിഷപ്പിനെ ​ഗേറ്റിന് മുന്നിൽ തടയുകയായിരുന്നു. ​ഗേറ്റ് പൂട്ടിയിട്ട് ആണ് തടഞ്ഞത്. വൻ പൊലീസ് സുരക്ഷ അടക്കം ഉണ്ടായിട്ടും അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ബസിലിക്കക്ക് അകത്ത് വിമതപക്ഷം തമ്പടിച്ചിരിക്കുകയാണ്.

ഏകീകൃത കു‍ർബാന ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവ‍ർ. ഇതിനിടെ ബസലിക്കയിലെ കസേരകൾ ഒരു വിഭാ​ഗം വലിച്ചെറിഞ്ഞു. മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിച്ചു. ഇതോടെ സംഘ‌ർഷ സാധ്യത കണക്കിലെടുത്ത് ക‍ുർബാന ഉപേക്ഷിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മടങ്ങി. വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ഏകീകൃത കുർബാനയെ ചൊല്ലിയുള്ള എറണാകുളം അങ്കമാലി രൂപതയിലെ പ്രശ്ന പരിഹാരത്തിന് ഇന്നലെ മെത്രാൻ സമിതി ച‍ർച്ച നടത്തിയിരുന്നു. എന്നാൽ അന്തിമ പരിഹാരം കാണാനായിരുന്നില്ല.