കോൺഗ്രസിനും, ആം ആദ്മി പാർട്ടിക്കുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

സുരേന്ദ്രനഗര്‍: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലികളിൽ ആം ആദ്മി പാർട്ടിയ്ക്കും, കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. നേരത്തെ, ഒരു ഇറ്റാലിയൻ സ്ത്രീ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചിരുന്നു. ഇപ്പോൾ ഒരു ഇറ്റാലിയ അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുകയാണെന്നാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം.

ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും, ഇറ്റലിയിൽ ജനിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റ് മേധാവി ഗോപാൽ ഇറ്റാലിയ എന്നിവരെയാണ് ഠാക്കൂർ പരോക്ഷമായി പരാമർശിച്ചത്.

ഗുജറാത്തിൽ വലിയ ബി.ജെ.പി തരംഗമുണ്ടെന്നും ഇത്തവണ ബി.ജെ.പി മുൻകാല റെക്കോർഡുകളെല്ലാം തകർക്കുമെന്നും ഠാക്കൂർ പറഞ്ഞു. ഗുജറാത്തിലെ സുരേന്ദ്രനഗറിലും വാധ്വയിലും മൂന്ന് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത അനുരാഗ് ഠാക്കൂർ കോൺഗ്രസിനും എഎപിക്കുമെതിരെ രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്.