പച്ചക്കറി വാങ്ങാൻ ചെന്നൈയിലെ മാർക്കറ്റിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ

ചെന്നൈ: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ചെന്നൈയിലെ മൈലാപ്പൂർ മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശനിയാഴ്ച വൈകുന്നേരമാണ് കേന്ദ്രമന്ത്രി പച്ചക്കറി മാർക്കറ്റിലെത്തിയത്. സംഭവത്തിന്‍റെ വീഡിയോ മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. മന്ത്രി പച്ചക്കറി വാങ്ങുന്നതും വ്യാപാരികളുമായും മറ്റുള്ളവരുമായും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

നിർമ്മല സീതാരാമനൊപ്പം തമിഴ്നാട്ടിലെ ബിജെപി എംഎൽഎ വാനതി ശ്രീനിവാസനും ഉണ്ടായിരുന്നു. “തോക്കുചൂണ്ടി നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ വ്യാപാരികൾ ആദ്യം ഭയന്നു. എന്നാൽ ആരാണ് വന്നതെന്ന് വിശദീകരിച്ചപ്പോൾ, വനിതാ വിൽപ്പനക്കാർ മന്ത്രിയെ കാപ്പി കുടിക്കാൻ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ഡൽഹിയിലേക്കുള്ള വിമാനം പിടിക്കേണ്ടതിനാൽ 20 മിനിറ്റ് മാത്രമാണ് മന്ത്രിക്ക് അവിടെ ചെലവഴിക്കാൻ കഴിഞ്ഞത്.”- വാനതി ശ്രീനിവാസൻ പറഞ്ഞു.

ചെറുപ്പത്തിൽ നിർമ്മല സീതാരാമൻ മൈലാപൂരിൽ വേനൽക്കാലം ചെലവഴിച്ചിരുന്നുവെന്നും അതിനാൽ ഈ സ്ഥലം പരിചിതമാണെന്നും വാനതി കൂട്ടിച്ചേർത്തു. അമ്പത്തൂരിലെ കല്ലിക്കുപ്പത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള മൾട്ടി ഡിസിപ്ലിനറി സെന്‍ററായ ‘ആനന്ദ കരുണ വിദ്യാലയം’ ഉദ്ഘാടനത്തിന് ശനിയാഴ്ച അമ്പത്തൂരിൽ എത്തിയതായിരുന്നു മന്ത്രി.