സൈനികര്‍ക്കൊപ്പമുള്ള കേന്ദ്രമന്ത്രിയുടെ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നത്: വിമർശനവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അരുണാചൽ പ്രദേശിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം ട്വീറ്റ് ചെയ്തതിനെതിരെ വിമർശനം. നിലവിലെ സാഹചര്യത്തിൽ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും എന്നാൽ ഇന്ത്യ ഈ ഭീഷണി അവഗണിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായുള്ള റിജിജുവിന്‍റെ ട്വീറ്റും ഫോട്ടോയുമാണ് വിവാദമായത്. റിജിജു പങ്കുവച്ച ചിത്രം പഴയതാണെന്നും ഇപ്പോഴത്തെ പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് ട്വീറ്റ് എന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

“രാഹുൽ ഗാന്ധി ഇന്ത്യൻ സൈന്യത്തെ അവഹേളിക്കുക മാത്രമല്ല, രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുകയും ചെയ്തു. അദ്ദേഹം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, രാജ്യത്തിനും വലിയ ശല്യമായി മാറിയിരിക്കുന്നു. നമ്മുടെ സായുധ സേനയെക്കുറിച്ച് അഭിമാനിക്കുന്നു” എന്നാണ് റിജിജു ട്വീറ്റ് ചെയ്തത്. ഇന്ത്യൻ സൈന്യത്തിലെ ധീരരായ ജവാൻമാരെ വിന്യസിച്ചതിനാൽ അരുണാചൽ പ്രദേശിലെ തവാങ്ങിലെ യാങ്സി പ്രദേശം ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാനെന്ന പോസ്റ്റും ഒപ്പം നൽകിയ ചിത്രവുമാണ് വിമർശനങ്ങൾക്ക് കാരണമായത്.