അശാസ്ത്രീയ മത്സ്യബന്ധനം; മുനമ്പം ഹാർബറിൽ അധികൃതരും തൊഴിലാളികളും തമ്മിൽ സംഘർഷം

വൈപ്പിൻ: നിരോധിത പെലാജിക് വല ഉപയോഗിച്ച് അശാസ്ത്രീയ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ബോട്ട് ഫിഷറീസ് അധികൃതർ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് മുനമ്പം ഹാർബറിൽ സംഘർഷാവസ്ഥ. ബോട്ട് ഉടമയെയും 4 തൊഴിലാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടുടമ മുനമ്പം അറക്കപ്പറമ്പിൽ ബിജു ആന്റണി (48), പറവൂർ പെരുമ്പടന്ന മൈലൻതറ സന്തോഷ് (58), മുനമ്പം കത്തിക്കുളത്ത് ബാബു (56), കൊൽക്കത്ത സ്വദേശി സൗരവ് ദാസ് (40), മുനമ്പം അറക്കപ്പറമ്പിൽ വിൽജൻ (45) എന്നിവരാണ് അറസ്റ്റിലായത്.

തൃശൂരിലെ എടമുട്ടം ഭാഗത്ത് മത്സ്യബന്ധന ബോട്ടുകളായ അബാൻ, ആബേൽ എന്നിവ കടലിൽ പെലാജിക് വലകൾ ഉപയോഗിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. മത്സ്യത്തൊഴിലാളികൾ തടഞ്ഞപ്പോൾ ബോട്ട് തൊഴിലാളികൾ വല ഉപേക്ഷിച്ച് സ്ഥലം വിട്ടു. തുടർന്ന് വലയുമായി ബോട്ടുകാർ ഫിഷറീസ് അധികൃതർക്ക് പരാതി നൽകി. പിന്നീട് ബോട്ടുകൾ കസ്റ്റഡിയിലെടുക്കാൻ ഹാർബറിലെത്തിയ ഉദ്യോഗസ്ഥർ അബാൻ എന്ന ബോട്ട് പിടിച്ചെടുക്കാൻ ശ്രമിച്ചു. ഇത് ഉടമയും തൊഴിലാളികളും തടഞ്ഞു.

തൊഴിലാളികൾ വീൽഹൗസിൽ പൂട്ടി പുറത്തിറങ്ങിയ ഉടൻ തന്നെ കെട്ടിവലിച്ചു കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ ശ്രമം തുടങ്ങി. ഇതോടെ തൊഴിലാളികൾ ചാടിക്കയറി ബോട്ട് മുന്നോട്ടു കൊണ്ടുപോയി. ബോട്ടിലുണ്ടായിരുന്ന ഫിഷറീസ് ഉദ്യോഗസ്ഥരും പോലീസുകാരും താഴെ വീണു. തുടർന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്താണ് കാര്യമെന്ന് പറയാതെ ഉദ്യോഗസ്ഥർ ബോട്ട് അഴിക്കുകയായിരുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്. മുനമ്പം ഇൻസ്പെക്ടർ എ.എൽ.യേശുദാസ്, എസ്.ഐമാരായ വി.കെ.ശശികുമാർ, എ.എസ്.ഐ സുനീഷ് ലാൽ, പൊലീസുകാരായ കെ.ബിജു, എ.മനോജ്, ജയദേവൻ, രശ്മി, ക്ഷേമ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.