യുപിയിൽ 8000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി
ലഖ്നൗ: ഉത്തർപ്രദേശിലെ റോഡുകൾ 2024ന് മുൻപ് അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചതാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഉത്തർപ്രദേശിനായി 8,000 കോടി രൂപയുടെ റോഡ് പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യൻ റോഡ് കോൺഗ്രസിന്‍റെ (ഐആർസി) 81-ാം സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് നിതിൻ ഗഡ്കരി ഈ പാക്കേജ് പ്രഖ്യാപിച്ചത്.
2024-ന് മുമ്പ് യുപിയിലെ റോഡുകൾ അമേരിക്കയേക്കാൾ മികച്ചതാക്കേണ്ടതുണ്ട്. ഇതിനായി മോദി സർക്കാർ വരും ദിവസങ്ങളിൽ യുപിക്ക് അഞ്ച് ലക്ഷം കോടി രൂപ അനുവദിക്കാൻ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ എണ്ണായിരം കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും നല്ല റോഡുകളുടെ നിർമ്മാണത്തിനായി സർക്കാരിന്റെ പക്കൽ പണത്തിന് ഒരു കുറവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി സംരക്ഷണം, സാങ്കേതികവിദ്യ, നവീകരണം, സുരക്ഷ, ഗുണമേന്മയുള്ള നിർമ്മാണം എന്നിവയിലൂടെ സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ ഗഡ്കരി അവലോകന യോഗവും ചേർന്നു. ഉത്തർ പ്രദേശിലെ മുഴുവൻ ദേശീയപാത പദ്ധതികളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ സന്നിഹിതനായിരുന്നു.