യുക്രൈന് സൈനിക സഹായം പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടൺ: ഡ്രോണുകളും മറ്റ് പ്രതിരോധ ആയുധങ്ങളും വാങ്ങുന്നതിനായി യുക്രൈന് 289 കോടി രൂപയുടെ സൈനിക സഹായം പ്രഖ്യാപിച്ച് യുഎസ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യുക്രൈനിലെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും ധനസഹായം അനുവദിച്ചതെന്ന് യുഎസ് അധികൃതർ പറഞ്ഞു.

റഷ്യൻ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പ് തുടരുന്നതിനിടെ യുക്രൈൻ കഴിഞ്ഞ ദിവസം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം. അമേരിക്കയ്ക്ക് പുറമെ ബ്രിട്ടനും യുക്രൈന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 5.4 ലക്ഷം പൗണ്ട് ധനസഹായം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ യുഎസിലെത്തിയപ്പോഴാണ് ബോറിസ് ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിന്‍റെ അവസാന വിജയം യുക്രൈന് ആയിരിക്കുമെന്ന് ബോറിസ് പറഞ്ഞു. യുക്രൈന് എല്ലാ സൈനിക, സാമ്പത്തിക പിന്തുണയും ബ്രിട്ടൻ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈന് 500 ദശലക്ഷം യൂറോ (ഏകദേശം 500 മില്യൺ ഡോളർ) സഹായം നൽകുമെന്ന് ജർമ്മൻ ചാൻസിലർ ഒലാഫ് ഷോൾസും പ്രഖ്യാപിച്ചു. റോക്കറ്റ് ലോഞ്ചറുകൾ, ആന്‍റി ഡ്രോൺ ഉപകരണങ്ങൾ, കവചിത വീണ്ടെടുക്കൽ വാഹനങ്ങൾ, മൂന്ന് അധിക ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ സഹായത്തിൽ ഉൾപ്പെടും.