മയക്കുമരുന്ന് കേസിൽ യുഎസ് ബാസ്കറ്റ്ബോൾ താരത്തിന് റഷ്യയിൽ 9 വര്‍ഷം തടവ്

അമേരിക്ക: രണ്ട് തവണ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവും വനിതാ നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) താരവുമായ ബ്രിട്ട്‌നി ഗ്രിനറിനെ മയക്കുമരുന്ന് കേസിൽ ഒമ്പത് വർഷം തടവ് ശിക്ഷ വിധിച്ചു.

ബാസ്കറ്റ്ബോൾ താരത്തിനെതിരായ റഷ്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. യുഎസിനും റഷ്യയ്ക്കും ഇടയിൽ തടവുകാരെ കൈമാറ്റം ചെയ്യാനുള്ള പുതിയ തീരുമാനത്തിന് ഇത് വഴിയൊരുക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്രിനറുടെ പക്കൽ നിന്ന് ഹാഷിഷ് ഓയിൽ അടങ്ങിയ വാപ് കാട്രിഡ്ജുകൾ പിടിച്ചെടുത്തു. താരം കുറ്റം സമ്മതിച്ചിരുന്നു. ഒമ്പത് വർഷം തടവിന് പുറമെ 16,990 ഡോളർ പിഴയും വിധിച്ചു.

റഷ്യയിൽ തടവിലാക്കപ്പെട്ട അമേരിക്കക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെ, ഗ്രിനറിനെ ഉടൻ മോചിപ്പിക്കാൻ ബൈഡൻ റഷ്യയോട് ആവശ്യപ്പെട്ടു. ഗ്രിനറുടെ മോചനത്തിനായി ബൈഡൻ ഭരണകൂടം പ്രവർത്തിക്കുമെന്നും യുഎസ് പ്രസിഡന്‍റ് പറഞ്ഞു.