ഗ്രാമീണ ഇന്റർനെറ്റ് സേവനങ്ങൾക്കായി 400 മില്യൺ ഡോളർ പ്രഖ്യാപിച്ച് യു.എസ് ഭരണകൂടം

യു.എസ്: 11 സംസ്ഥാനങ്ങളിലെ 31,000 ഗ്രാമീണ നിവാസികൾക്കും ബിസിനസുകൾക്കും അതിവേഗ ഇന്‍റർനെറ്റ് നൽകുന്നതിന് 401 മില്യൺ ഡോളർ നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടം വ്യാഴാഴ്ച പ്രഖ്യാപിച്ചു. “ഈ പണം ഉപയോഗിച്ച്, എല്ലാവർക്കും താങ്ങാനാവുന്നതും വിശ്വസനീയവുമായ ഇന്‍റർനെറ്റ് എന്ന പ്രസിഡന്‍റ് ബൈഡന്‍റെ അഭിലാഷ ലക്ഷ്യത്തിലേക്ക് ഞങ്ങൾ ഒരു പടി കൂടി അടുത്തിരിക്കുന്നു,” ബൈഡന്‍റെ ഇൻഫ്രാസ്ട്രക്ചർ കോർഡിനേറ്റർ മിച്ച് ലാൻഡ്രിയു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, താഴ്ന്ന വരുമാനമുള്ള കമ്മ്യൂണിറ്റികളിൽ ബില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കാൻ ലക്ഷ്യമിട്ട് 23 കമ്പനികളും ഫൗണ്ടേഷനുകളും ചേർന്ന് ഒരു സാമ്പത്തിക സഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കാൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് വ്യാഴാഴ്ച ന്യൂയോർക്കിലേക്ക് പോകുന്നു. വൈറ്റ് ഹൗസ് പറയുന്നതനുസരിച്ച്, “സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കുകയും ദരിദ്ര സമൂഹങ്ങളിൽ സാമ്പത്തിക അവസരങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുക” എന്നതാണ് ഗ്രൂപ്പിന്‍റെ ലക്ഷ്യം.

ഏരിയൽ ഇൻവെസ്റ്റ്മെന്റ്സ്, ബാങ്ക് ഓഫ് അമേരിക്ക, ബിഎൻവൈ മെല്ലൺ, ക്യാപിറ്റൽ വൺ, സിറ്റി, ഡിസ്കവർ, ഫോർഡ് ഫൗണ്ടേഷൻ, ഗോൾഡ്മാൻ സാക്സ്, ഗൂഗിൾ, കീ ബാങ്ക്, ക്രെസ്ജ് ഫൗണ്ടേഷൻ, മാസ്റ്റർകാർഡ്, മക്ഡൊണാൾഡ്സ്, മക്കിൻസി ആൻഡ് കമ്പനി, മൈക്രോൺ, മൊമെന്റസ് ക്യാപിറ്റൽ, മൂഡീസ്, നെറ്റ്ഫ്ലിക്സ്, PayPal, പിഎൻസി, റോക്ക്ഫെല്ലർ ഫൗണ്ടേഷൻ, ടിഎഎ, അപ്സ്റ്റാർട്ട് എന്നിവയാണ് സഖ്യത്തിലെ സ്ഥാപക അംഗങ്ങൾ.