പാക്ക് ഭീകരനെ കരിമ്പട്ടികയിലാക്കാൻ യുഎസും ഇന്ത്യയും; തടസവുമായി ചൈന

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനു തടസമിട്ട് ചൈന. ഐക്യരാഷ്ട്ര സഭയുടെ കരിമ്പട്ടികയിൽ പെടുത്താനുള്ള യുസിന്റെയും ഇന്ത്യയുടെയും നിർദേശമാണ് ചൈന തടഞ്ഞത്. 4 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ചൈന ഇതേ നീക്കം നടത്തുന്നത്.

ലഷ്കറെ തയിബ ഭീകരൻ സാജിദ് മിർ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളാണ്. എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇയാളുണ്ട്. സാജിദ് മിറിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടുക, യാത്രാവിലക്ക് ഏർപ്പെടുത്തുക, ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി മറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നിവയായിരുന്നു ഉദ്ദേശ്യം. അമേരിക്ക മുന്നോട്ടുവച്ച നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കുകയായിരുന്നു.

2008ൽ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാജിദ് മിറിന്‍റെ തലയ്ക്ക് അമേരിക്ക 5 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ സാജിദ് മിർ പാക്കിസ്ഥാനിൽ അറസ്റ്റിലായി. ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ രാജ്യാന്തര സമിതി എഫ്എടിഎഫ് പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽനിന്നു പുറത്തുകടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അറസ്റ്റ് നാടകം.